2010 ജൂൺ 7, തിങ്കളാഴ്‌ച

രണ്ട് കവിതകൾ


1. മരം.

ഇലകളൊക്കെയും
കൊഴിഞ്ഞുപോവുമ്പോൾ
കൂടുവച്ചോരുകിളികളൊക്കെയും
മിഴിനിറയാതെ പറന്നകലുമ്പോൾ.
കാറ്റുവന്നോരുകുരുന്നിലകളെ
പാട്ടിലാക്കിയെടുത്തുപോകുമ്പോൾ
വാക്കുകളാകാത്ത മൌനമായ്
ഭൂമിയിൽ ബന്ധിക്കപ്പെട്ട ഒരമ്മ.
ഏതോഭാഷയിൽ കൊത്തുന്നുണ്ടാകണം
ആത്മവിലാപത്തിന്റെ ഒരു കവിതയെങ്കിലും.
2. വേര്

വളഞ്ഞും പുളഞ്ഞും
എന്നിലെയെന്നെത്തന്നെ തിരയെ
മഴവെള്ളമെത്തിപ്പറയുന്നു:
"നീ കാണാത്തനിന്നെ
ഭൂമിക്കുമുകളിൽ
കാറ്റ് ബലാൽക്കാരം ചെയ്യുന്നു"

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

നിറപ്പകിട്ടൂകളുടെ നിഴൽ കൊഞ്ഞനംകുത്തുമ്പോൾ



മഴയും,വെയിലും നനഞ്ഞ് കിടക്കുമ്പോൾ
അനുഭവങ്ങളില്ലാത്ത നിറപ്പകിട്ടുകൾ കൊഞ്ഞനം കുത്താൻ വരുന്നു.

തുറന്ന പള്ളക്കകത്തെ
ഇത്തിരി വെള്ളത്തിൽ ബാക്കിയായ
ഒരു പരൽമീൻ മാത്രം
അവരോടരുതെന്ന് പിടക്കുന്നു.

പിടച്ചുപിടച്ചൊടുങ്ങുക മാ‍ത്രം ചെയ്യുന്നു.

2010 ഏപ്രിൽ 11, ഞായറാഴ്‌ച

കവിതകൾ




മരം വെയിൽ കൊണ്ടുവരക്കുന്നുണ്ടതിൻ
കറുത്തനിഴലിനെ.

മേഘത്തെ വരക്കുന്നുവോളങ്ങൾ
പുഴയിലാകാശംവീണുകിടക്കുമ്പോൽ

മഴ, പാടിപ്പാടിമണ്ണിൽത്തൊടെ
മുളച്ചു പൊന്തുന്നുവേറെയും പാട്ടുകാർ

കാറ്റതാ മുളങ്കൂട്ടിലിരുന്നു
കവിത മൂളുന്നു.

അന്തിമാനം നിറയെചോപ്പടിച്ച്
ചിരിച്ചു മടങ്ങുന്നുകുഞ്ഞുസൂര്യൻ.

എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..?

2010 മാർച്ച് 10, ബുധനാഴ്‌ച

എന്റെ ..പഴയ സ്കൂളെ…

8 C യിലെ സുരേശാ,
ട്രിപ്പ്ജീപ്പിന്റെ പിന്നിൽ തൂങ്ങിനിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലെ.
അങ്ങാടീന്നെന്നെ കണ്ടിട്ട്
മിണ്ടാതെപോയതെന്തു നീ
9 D യിലെ ബുഷറെ,
പർദ്ദയിൽ നീ മുഖംകൂടി മൂടിയാൽ
എങ്ങിനെയറിയുമായിരുന്നു നിന്നെ ഞാൻ

കൈവേലിക്കള്ളുഷാപ്പിലിരുന്നു
പഴയ പദ്യം
പാടുന്നു മോഹനൻ
‘തിങ്കളൂം താരങ്ങളൂം
തൂവെള്ളിക്കതിർ ചിന്നും’
പണിയെന്ത്ന്നാ മോഹനാ..?
പാറപ്പണിതന്നെയച്ഛനെപ്പോൽ.

ചുവന്നപെയിന്റടിച ബസ്റ്റോപ്പിലിരുന്ന്
ല.സാ.ഗു ഉസാഗ എന്ന്
പിറുപിറുക്കുന്നു
കണക്കിലെന്നുമൊന്നാമനായ
പിരാന്തായിപ്പോയ അന്ത് റു.

8 ൽ രണ്ടുകൊല്ലം പൊട്ടിയ
കറുമ്പിജാനു റേഷൻ കാർഡുമായി
അരിയിന്നുതള്ളിപ്പോവുമെന്ന്
വെളുക്കെച്ചിരിച്ചോടിപ്പോവുന്നു

റോഡരികിൽ
സ്കൂൾ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാൻ
നിൽക്കുന്നു 10 D യിലെരാധിക.

ഒപ്പരം പഠിച്ഛവരെ കണ്ടു നിന്നിലെത്തെ,
എന്റെ പഴയ സ്കൂളെ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിത പോലെ നീ.
പല്ലിളിച്ചുകാട്ടികളിയാക്കുന്നുണ്ടിപ്പോൾ
റിവേഴ്സ്ഗിയറില്ലാത്തജീവിതം.


ഉറങ്ങും മുൻപായി
തുറന്നയിൻബോക്സിൽ
അമേരിക്കയിൽനിന്നുമാദിത്യൻ:
How is our friends?
How is our School?
How is your Vacation?
നിദ്രയിൽ,
കറുത്തുകഠിനമാം പാറയിൽ
മോഹനൻ നട്ടുച്ഛയുടെകവിതയെഴുതെ,
അന്ത് റു വന്നെന്റെ
കഴുത്തുഞെരിച്ചു ഞാൻ
ഞെട്ടിയുണരും മുൻപെ.
ഞാനെഴുതി മറുപടി.
All r Fine.
All r Perfect.

2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച

മക്കളില്ലാത്തവന്റെ പാട്ട്




ലെവൽക്രോസിനരികിലെ
പെട്ടിക്കടക്കടയിൽ
ഓലറ്റും കഴിച്ചുനിൽക്കെ
ഒരിരുണ്ടമഴപോലെ
പെയ്തിറങ്ങാറുണ്ടായിരുന്നു
റെയിൽപ്പാളത്തിനരികിലൂടെ
നിറവയറുമായ്
കറുകറുത്തൊരു ഗർഭിണി
എങ്ങൊട്ടാവും പോകുന്നതൊയെന്തൊ?
കല്ലുകൊത്താനാവണം.
ഓലറ്റടിക്കെ,
പാടുന്നുണ്ട് പെട്ടിക്കടക്കാരൻ
കൺകളിൽനിറയെമഴനിറച്ച്
മക്കളില്ലാത്തവന്റെ പരിദേവനം.
ഇന്നിതാ,
അതെ ലെവൽക്രോസിനരികിലെ
പെട്ടിക്കടക്കരികിൽ
നിൽക്കെ,
പഴയ കറുത്തഗർഭിണിയുടെ
വെളുത്തമാറാപ്പിൽനിന്നെത്തിനോക്കി
കുഞ്ഞരിപ്പല്ലുകാട്ടിച്ചിരിക്കുന്നുണ്ട്
കറുത്തകല്ലിന്റെനിറമുള്ളൊരു കുസ്രുതി.
മക്കളില്ലാത്തതിൻ
പരിഭവം കണ്ണിൽനിറച്ച്
ഇന്നും മഴപോലെ കരയുന്നുണ്ട്
പെട്ടിക്കടക്കാരൻ.
സ്റ്റീൽഗ്ലാസ്സിൽ മുട്ടപൊട്ടിച്ചൊഴിച്ച്
മഞ്ഞക്കരുവിനെസ്പൂണാലുടച്ച്
മക്കളില്ലാത്തവന്റെപാട്ടുപാടുന്നു
പെട്ടിക്കടക്കാരൻ.

അയാളോടും ചിരിച്ചുകാട്ടുന്നു
മാറാപ്പിൽനിന്നുംതല പുറത്തിട്ട്
ആ കറുത്തകല്ല്,
മുട്ടയുടെ മഞ്ഞചട്ടിയിൽ മൊരിയുമ്പോലെ.

2009 നവംബർ 9, തിങ്കളാഴ്‌ച

മരിച്ചവരുടെ ജീവനുള്ള മണം





മുല്ലവള്ളികളിന്നില്ലയെങ്കിലും
പണ്ടതുനിന്നെടത്ത് ചെന്നതിനെയോര്‍ക്കെ
നിറയുന്നൂ മുല്ലപ്പൂ മണം ചുറ്റിലും...

കുന്നവിടെയിന്നില്ലെങ്കിലും
കുന്നിനെയോര്‍ത്തതുനിന്നിടത്തു ചെല്ലെ
കുന്നിന്‍ പുറത്തെ പച്ചപുല്ലിലിരിക്കും സുഖം...

പുഴക്കരയിലെപ്പഴയകാല്‍പ്പാടിന്‍
മണല്‍ത്തരികള്‍ കരഞ്ഞു കെട്ടിപ്പിടിക്കുന്നു
മടങ്ങിയെത്തിയോ
വീണ്ടുമെന്നൊരു കൈതോല
രോഗഗ്രസ്തമാം തൊണ്ടയനക്കുന്നു...

കേള്‍ക്കാം, പുഴയില്ലെങ്കിലും
പുഴക്കരയില്‍ ചെന്നതിനെയോര്‍ക്കെ
പുഴമൊഴികള്‍...

കോലായിലൊഴിഞ്ഞ
കസാലയിലിരുന്നു ചിരിക്കുന്നൂ
ഇല്ലാത്ത അച്ചാച്ഛന്‍ ...

പണ്ടിരുന്നയിടങ്ങളെല്ലാം
ചുരത്തും മണങ്ങളില്‍
അദൃശ്യമാമാശ്ലേഷണങ്ങളില്‍
ഒരു പച്ചില പൊട്ടിച്ചുരച്ചു
മുറി വായില്‍ വെക്കും നീറ്റലിന്‍ സുഖം.

2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഉറുമ്പുകള്‍ പറയുന്നത്.....




മുകളില്‍ നിന്നും ചാടിചത്ത ,
നടുറോഡില്‍ കഴുത്തറുത്തു കൊന്ന ,
വിഷം കഴിച്ചു കെട്ടിപ്പിടിച്ചു ചത്ത ,
ആസിഡൊഴിച്ചു കൊന്ന,
തൂങ്ങിച്ചത്ത,
കൊന്ന,
ചത്ത,
കൂട്ടിയും
കിഴിച്ചും
ചത്ത,
കൊന്ന,
പ്രണയങ്ങളേ..,
ഇന്നലെ ഞാന്‍
ഉറുമ്പുകളുടെ പ്രണയം കണ്ടു..
നിലാവില്‍
ഒരു മരച്ചോട്ടില്‍
ഒരിലക്കീഴില്‍
മഴ നനയാതെ
രണ്ടുറുമ്പുകള്‍
പ്രണയപൂര്‍വ്വം
ചുംബിക്കുന്നു...

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

പീഡിപ്പിക്കപ്പെട്ടവളുടെ അമ്മ




കടലിലേക്കുള്ള
യാത്രയില്‍
കൊല ചെയ്യപ്പെട്ട
പുഴയുടെ ശവമാണ്
കൂട്ടിയിട്ടിരിക്കുന്ന
മണലിനടിയില്‍.

പീഡിപ്പിക്കപ്പെട്ടു
ചത്ത
പെണ്‍കുട്ടിയുടെ അമ്മ
ഇന്നും വരാറുണ്ട്
അഴുക്കു പുരളാ‍ത്ത
അവളുടെ
യൂണിഫോം അടിച്ചലക്കാന്‍.


മണല് നിറയെ
വെയില് കാവല്‍ നില്‍ക്കുന്ന നട്ടുച്ച പറയും:
“തള്ളേ
തുള്ളി വെള്ളമില്ല“


എന്നിട്ടുമവരാ ദു:ഖത്തെ
അലക്കിയുണക്കും


പീഡിപ്പിക്കവളുടെ അമ്മ
മരുഭൂമിയിലെ
കള്ളിമുള്‍ചെടി പോലുമല്ല




(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഉള്ളില്‍...


ചിരിച്ചു തലയാട്ടുമ്പൊഴും
ഇലകള്‍ക്കറിയില്ലല്ലൊ..
വേരുകളുടെ ജാരസംഗമങ്ങള്‍..?

നമ്മെ തഴുകുമ്പൊഴും
കാറ്റിനറിയില്ലല്ലോ...
അകലെ കാറ്റ് തന്നെ കട പുഴക്കുന്ന ജീവിതങ്ങള്‍...


പായ്യാരം പറഞ്ഞൊഴുകുമ്പൊഴും
പുഴക്കറിയില്ലല്ലോ...
പളളക്കകത്തുനിന്നും
സ്വപ്നപ്പരലുകളെയും
കൊത്തിക്കൊണ്ടുപോകുന്ന
ചൂണ്ടകളെ...


എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍...

2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

വാക്കുകളുടെ ജയിൽ




കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...



ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും...


(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

2009 സെപ്റ്റംബർ 19, ശനിയാഴ്‌ച

റിയാലിറ്റി







ഇന്നു കുളിച്ചിട്ടില്ല
കഴിച്ചിട്ടില്ല...
പഠിപ്പിക്കാനിന്ന്
പള്ളിക്കൂടത്തിലും പോയില്ല...
കരഞ്ഞ്
കരഞ്ഞ്
ഒരേ കിടപ്പു
തന്നെയാണവൾ...


(പലഹാരം
പൊതിഞ്ഞുകൊണ്ടുവന്ന
പത്രത്താളിൽ
ജിലേബിയെണ്ണ പുരണ്ടു
കിടപ്പുണ്ടായിരുന്നു
എങ്ങോ പട്ടിണി
കിടന്നു ചത്തൊരു
ചെക്കൻ)


സാരമില്ലെന്നെത്ര
സ്വാന്ത്വനിപ്പിച്ചിട്ടുമവളീ
കരച്ചിൽ മാത്രം...
ഒരൊറ്റ s m s
മതിയായിരുന്നു,
ഇനി അടുത്ത
സ്റ്റാർ സിംഗർ വരെ കാക്കണം...
ആ സുന്ദരികൊച്ചിനെന്നവൾ...



ഓ ...
ഇന്നായിരുന്നോ,
എലിമിനേഷൻ...
ഞാനാകെ
കൺഫ്യൂഷനിലായിപ്പോയി...

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

ഫൗൾ








ഓൺ.. യുവർ.. മാർക്ക്...
സെറ്റ്...
വെടി ശബ്ദം കേൾക്കും
മുൻപ്...
മഴ...ഒാടി...

പെട്ടെന്നൊരു
പെയ്ത്തു
പെയ്ത്
മണ്ണിനെ
തൊട്ടു തൊട്ടില്ല...
എന്ന മട്ടിൽ,
നമ്മൾ
നനഞ്ഞു നനഞ്ഞില്ല...
എന്ന മട്ടിൽ,
മഴ
പെയ്തൂ പെയ്തില്ല…
എന്ന മട്ടിൽ,

മരങ്ങളെല്ലാം
അന്നേരം മാനം നോക്കി പറഞ്ഞില്ലേ,
ഇത് ഫൗളാണെന്ന്...
അതു കേട്ടാണോ
മഴ തിരിച്ചു
മേഘങ്ങളിലേയ്ക്കു
ഒരൊറ്റ ഓട്ടം വച്ച് കൊടുത്തത്...

2009 ഓഗസ്റ്റ് 30, ഞായറാഴ്‌ച

Recycle Bin

മടുത്തിട്ടോ...
ഉള്ളിൽ കൊള്ളാഞ്ഞിട്ടോ...
പാകമാകാഞ്ഞിട്ടോ...
എന്തെന്നറിയില്ല...
അനുഭവിച്ചവയെ,
ഇങ്ങോട്ടു വലിച്ചെറിയാറുണ്ട്...
പക്ഷേ...
കള്ളച്ചിരിയുമായി
കൈയ്യും നീട്ടി വീണ്ടും വരും
വലിച്ചെറിഞ്ഞവർ തന്നെ...


കണ്ണീരു തുടച്ച്
അന്നേരവും കൂടെ പോവും
ഒരുളുപ്പുമില്ലാതെ,
ചില പ്രണയങ്ങൾ...

2009 ജൂലൈ 26, ഞായറാഴ്‌ച

ഡിയർ ജാക്സൺ...







നാടൊട്ടുക്ക് കടവും
തലയിൽ
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്...
ജാക്സൺ
നീയെന്റെ സ്വപ്നത്തിൽ വന്നു പാടുന്നു...


എന്റെ
ആത്മവിശ്വാസവുമിതുപോലെയാൺ...

സ്റ്റേജിൽ തകർക്കും...
ഒറ്റക്കാവുമ്പൊ,
വിഗ്ഗഴിച്ചുവച്ച്...
തൊട്ടാലൊടിയുന്ന,
വാരിയെല്ലും,
തകർന്ന മൂക്കുമായി...
നിദ്രക്കുവേണ്ടി,
കേഴും...
വേദന സംഹാരി തരാതെ,
വെളുത്ത വസ്ത്രം ധരിച്ച
ജീവിതം
അന്നേരം
കൊഞ്ഞനം കുത്തി
മുറി നിറയെ ഓടി നടക്കും...

ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...

മരണം
വന്നു തൊടും വരെക്കും...

(പുതുകവിതയിൽ പബ്ലിഷ്‌ ചെയ്തതു.www.puthukavitha.blogspot.com)

2009 ജൂലൈ 24, വെള്ളിയാഴ്‌ച

മൂന്നു മഴത്തുള്ളികള്‍






വേനല്‍ക്കാല അവധിക്കു മേഘങ്ങളില്‍ വിരുന്നു പാര്‍ത്ത് തിരിച്ചെത്തിയ മഴക്കിടാങ്ങള്‍ പതുക്കെ പിച്ചവച്ച് ചന്നം പിന്നം വര്‍ത്തമാനം പറഞ്ഞ് ആര്‍ത്തു കരഞ്ഞു വീണ്ടും ക്ലാസ്സുമുറിയിലേക്ക് ......

വെയില്‍ ടീച്ചര്‍ ചെവിക്കുപിടിച്ചു തിരുമിയപ്പോളാണ് തേങ്ങി തേങ്ങി അവര്‍ നിശ്ശബ്ധരായത്.

ഇടിമുഴക്കംപോലെ വീണ്ടും നീണ്ട മണി മുഴങ്ങി.

ആര്‍ത്തലച്ചു വീടുകളിലേക്കോടുന്നു. പുഴകടന്ന്, നടവരമ്പിലൂടെ, ഇലച്ചാര്‍ത്തിലൂടെ ചിന്നിചിതറിയും ഇടറി വീണും മഴക്കിടാങ്ങള്‍ ചിണുങ്ങുന്നു .....

2


മലക്കും
പുഴക്കും
കടലിനും
മഴയെ
വേണമായിരുന്നു....

ആരെയും പിണക്കാതെ മലമുകളില്‍ പെയ്തു പുഴയിലൂടെയൊഴുകി കടലിലെത്തി ....

വെയില്‍ ആരുമറിയാതെ അവളെ മേഘങ്ങളിലെത്തിച്ചു. ആകാശ മുത്തശ്ശന്‍െറ മുറ്റത്ത് അവള്‍ പിച്ചവച്ചു.

കാര്മേഘങ്ങളാലിരുണ്ട മാനം നോക്കി അന്നേരമാണ് അച്ചാച്ചന്‍ എന്നോട് പറഞ്ഞതു : മഴക്കാറ്ണ്ട്. ... കൊടയെടുത്തോ...മറക്കാണ്‍ട്....

3


മഴയെ പുറത്താക്കി വാതിലടച്ചത് എന്നാണ്?

അച്ചാച്ചനുണ്റ്റാക്കിത്തന്ന കടലാസുവഞ്ചി, നനഞ്ഞു കുതിര്‍ന്നു ആഴങ്ങളിലെക്കാണ്ടാണ്ട്‌
പോയപ്പോള്‍ കരയാന്‍ തുനിഞ്ഞ എന്നെ വെളിയിലകളില്‍ നൃത്തം ചെയ്ത് മഴ ചിരിപ്പിച്ചു. എന്നിട്ടാരുമറിയാതെ, അകത്തുകിടന്ന അച്ചാച്ചന്റെ ജീവിതം കട്ടെടുത്ത് മഴ ഓടിപോയി .

അന്നുമുതല്‍ എനിക്കറിയാം; മഴ ചതിക്കുമെന്ന്, മഴ വരുന്നത് മരണവും കൊണ്ടാണെന്ന്.

എന്‍റെ പരാതിയിന്മേലാണ് ഇന്നു കാറ്റ് മഴയെ തടുത്തിട്ടത്.

ഒരു ചുവട് പിന്നോട്ടുവച്ച് കാറ്റിനെ ഒന്നു വെട്ടിച്ച് മഴ..... ഓടി . പിറകെ കാറ്റും.........

ഇന്നേരമാണ് മണല്‍പ്പുറത്ത് മനസ്സു തുറന്നുകിടന്ന എന്നെയും മഴ നനയിച്ചത്.

കാറ്റ് തെങ്ങിന്‍റെ കോളറിനു പിടിച്ചു താഴ്ത്തിയത്.

ഞാന്‍ മരം പിടിച്ചു കുലുക്കി മഴയെ എടുത്ത് താഴത്തിട്ടത്.......

2009 ജൂലൈ 22, ബുധനാഴ്‌ച

വെള്ളാര ങ്കല്ലുകൾ



പേപ്പർ വെയ്റ്റിനു
പകരം
മേശയിൽ
വെള്ളാരം കല്ലെടുത്തു വച്ചത്‌ മകനായിരുന്നു...


അതവനോടു
ഒരുപാട്‌ കഥകൾ പറഞ്ഞെന്ന്,
പുഴകളൊഴുകുന്നത്‌,
വെള്ളാരം കല്ലുകളെ
തേച്ചു കുളിപ്പിക്കാനാണെന്ന്...
ഒ‍ാളങ്ങളുടെ ഉളികൊണ്ടു
തഴുകി തഴുകി
വെള്ളാരം കല്ലുകളെ ,
മിനുസമുള്ളതാക്കാനാണെന്ന്...


അവരുടെ ലോകത്ത്‌
ചെറുതുകളെല്ലാം
മുത്തശ്ശന്മാരും...
വലുതുകളെല്ലാം
കുഞ്ഞുങ്ങളുമാണെന്ന്...

അവരുടെ
വലിയ കുട്ടിത്തങ്ങളെ,
റബ്ബർ കൊണ്ടെന്നപോലെ,
പുഴ മായ്ച്ചു മായ്ച്ചു ചെറുതാക്കുമെന്ന്...


പിന്നെ ഒന്നൂടി
പറഞ്ഞത്രെ
എന്തായാലും
കല്ലിനെം കൊണ്ടുപോവാൻ
ഒരുനാൾ
പുഴ കര കേരിവരുമെന്ന്...



ഇന്നലെയായിരുന്നു...
പുഴെം മഴെം കൂടി വന്നു...
കല്ലിനെം കൊണ്ടുപോവാൻ
ഒറ്റ വരവും,ഒറ്റ പോക്കുമായിരുന്നു...
പോവുമ്പൊ,
ഒന്നിച്ചെന്റെ മൊനെം കൊണ്ടുപോയി
അവനും കാണുമല്ലോ
കഥ കേൾക്കാൻ കൊതി...
പൊഴക്കരേലെ പൊന്തക്കാട്ടിൽ,
ഇപ്പൊഴും എന്നെ നോക്കി കിടക്കുന്നുണ്ടു ,
മഴ നനഞ്ഞ്‌
അവന്റെ പാവക്കുട്ടി...


(ഈ മഴക്കാലം കൂട്ടികൊണ്ടുപൊയ കുരുന്നിന്റെ ഓർമ)

2009 ജൂലൈ 18, ശനിയാഴ്‌ച

ഡിലീറ്റ്

എത്ര വേണമെങ്കിലും
കരയാം
ചിരിക്കാം
ദേഷ്യപ്പെടാം
സ്നെഹിക്കാം...
വെണ്ടങ്കിൽ
അപ്പോൾതന്നെ
ഡിലീറ്റ് ചെയ്തു കളയാം...
നിന്നെപ്പോലെ
പറീച്ചെരിഞ്ഞാലും
പിരിഞ്ഞുപോവാതെ
മനസ്സിൽപതിയില്ലൊന്നും...
ഒറ്റ റോൾ ജീവിതം
പോലും പാഴാവില്ല...
ഒരു ഡിജിറ്റൽ ക്യമറ
ഫിലിം റോൾ ക്യമറയോടു പറഞ്ഞു...

(www.harithakam.com പബ്ലിഷ്‌ ചെയ്തതു)