2009, നവംബർ 9, തിങ്കളാഴ്‌ച

മരിച്ചവരുടെ ജീവനുള്ള മണം





മുല്ലവള്ളികളിന്നില്ലയെങ്കിലും
പണ്ടതുനിന്നെടത്ത് ചെന്നതിനെയോര്‍ക്കെ
നിറയുന്നൂ മുല്ലപ്പൂ മണം ചുറ്റിലും...

കുന്നവിടെയിന്നില്ലെങ്കിലും
കുന്നിനെയോര്‍ത്തതുനിന്നിടത്തു ചെല്ലെ
കുന്നിന്‍ പുറത്തെ പച്ചപുല്ലിലിരിക്കും സുഖം...

പുഴക്കരയിലെപ്പഴയകാല്‍പ്പാടിന്‍
മണല്‍ത്തരികള്‍ കരഞ്ഞു കെട്ടിപ്പിടിക്കുന്നു
മടങ്ങിയെത്തിയോ
വീണ്ടുമെന്നൊരു കൈതോല
രോഗഗ്രസ്തമാം തൊണ്ടയനക്കുന്നു...

കേള്‍ക്കാം, പുഴയില്ലെങ്കിലും
പുഴക്കരയില്‍ ചെന്നതിനെയോര്‍ക്കെ
പുഴമൊഴികള്‍...

കോലായിലൊഴിഞ്ഞ
കസാലയിലിരുന്നു ചിരിക്കുന്നൂ
ഇല്ലാത്ത അച്ചാച്ഛന്‍ ...

പണ്ടിരുന്നയിടങ്ങളെല്ലാം
ചുരത്തും മണങ്ങളില്‍
അദൃശ്യമാമാശ്ലേഷണങ്ങളില്‍
ഒരു പച്ചില പൊട്ടിച്ചുരച്ചു
മുറി വായില്‍ വെക്കും നീറ്റലിന്‍ സുഖം.