2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

മക്കളില്ലാത്തവന്റെ പാട്ട്




ലെവൽക്രോസിനരികിലെ
പെട്ടിക്കടക്കടയിൽ
ഓലറ്റും കഴിച്ചുനിൽക്കെ
ഒരിരുണ്ടമഴപോലെ
പെയ്തിറങ്ങാറുണ്ടായിരുന്നു
റെയിൽപ്പാളത്തിനരികിലൂടെ
നിറവയറുമായ്
കറുകറുത്തൊരു ഗർഭിണി
എങ്ങൊട്ടാവും പോകുന്നതൊയെന്തൊ?
കല്ലുകൊത്താനാവണം.
ഓലറ്റടിക്കെ,
പാടുന്നുണ്ട് പെട്ടിക്കടക്കാരൻ
കൺകളിൽനിറയെമഴനിറച്ച്
മക്കളില്ലാത്തവന്റെ പരിദേവനം.
ഇന്നിതാ,
അതെ ലെവൽക്രോസിനരികിലെ
പെട്ടിക്കടക്കരികിൽ
നിൽക്കെ,
പഴയ കറുത്തഗർഭിണിയുടെ
വെളുത്തമാറാപ്പിൽനിന്നെത്തിനോക്കി
കുഞ്ഞരിപ്പല്ലുകാട്ടിച്ചിരിക്കുന്നുണ്ട്
കറുത്തകല്ലിന്റെനിറമുള്ളൊരു കുസ്രുതി.
മക്കളില്ലാത്തതിൻ
പരിഭവം കണ്ണിൽനിറച്ച്
ഇന്നും മഴപോലെ കരയുന്നുണ്ട്
പെട്ടിക്കടക്കാരൻ.
സ്റ്റീൽഗ്ലാസ്സിൽ മുട്ടപൊട്ടിച്ചൊഴിച്ച്
മഞ്ഞക്കരുവിനെസ്പൂണാലുടച്ച്
മക്കളില്ലാത്തവന്റെപാട്ടുപാടുന്നു
പെട്ടിക്കടക്കാരൻ.

അയാളോടും ചിരിച്ചുകാട്ടുന്നു
മാറാപ്പിൽനിന്നുംതല പുറത്തിട്ട്
ആ കറുത്തകല്ല്,
മുട്ടയുടെ മഞ്ഞചട്ടിയിൽ മൊരിയുമ്പോലെ.