2011, മേയ് 17, ചൊവ്വാഴ്ച

നഖം വെട്ടുമ്പോള്‍
പണ്ടെന്നോ വെട്ടിയിട്ടനഖമാണ്
മേശക്കകം വെടിപ്പാക്കുമ്പോള്‍
നിശ്ചലമായി അതെന്നെത്തന്നെനോക്കുന്നു.

പ്രണയവും ,വിപ്ലവവും , രതികാമനകളും കൊണ്ട്
തിളച്ചുതൂവിയ ചോരവിരലുകളുടെയറ്റത്ത്
ഞാനുമുണ്ടായിരുന്നല്ലോയെന്ന്
കൈവെള്ളയിലെടുത്തുവച്ചപ്പോള്‍
അതതിന്റെ പഴയജീവിതത്തെ നോക്കാനായും പോലെ….

ജാലകത്തിലൂടെ പുറത്തേക്കിടുമ്പോള്‍ ഓര്‍ത്തു.
മനസറിയാതെ വെട്ടിമാറ്റിയ
പഴയ സൌഹൃദങ്ങളെ,
സഹപാഠികളെ,
സഖാക്കളെ.

നോവില്ല നഖങ്ങള്‍ വെട്ടി മാറ്റുമ്പോള്‍
എങ്കിലും,
വേദനയില്ലാത്ത
ആ ശൂന്യതനിറയെ
ഇന്നതിന്നോര്‍മ്മ പകരുന്നു
നോവിന്റെ മുള്ളുകള്‍.2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

2010, ജൂൺ 7, തിങ്കളാഴ്‌ച

രണ്ട് കവിതകൾ


1. മരം.

ഇലകളൊക്കെയും
കൊഴിഞ്ഞുപോവുമ്പോൾ
കൂടുവച്ചോരുകിളികളൊക്കെയും
മിഴിനിറയാതെ പറന്നകലുമ്പോൾ.
കാറ്റുവന്നോരുകുരുന്നിലകളെ
പാട്ടിലാക്കിയെടുത്തുപോകുമ്പോൾ
വാക്കുകളാകാത്ത മൌനമായ്
ഭൂമിയിൽ ബന്ധിക്കപ്പെട്ട ഒരമ്മ.
ഏതോഭാഷയിൽ കൊത്തുന്നുണ്ടാകണം
ആത്മവിലാപത്തിന്റെ ഒരു കവിതയെങ്കിലും.
2. വേര്

വളഞ്ഞും പുളഞ്ഞും
എന്നിലെയെന്നെത്തന്നെ തിരയെ
മഴവെള്ളമെത്തിപ്പറയുന്നു:
"നീ കാണാത്തനിന്നെ
ഭൂമിക്കുമുകളിൽ
കാറ്റ് ബലാൽക്കാരം ചെയ്യുന്നു"

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

നിറപ്പകിട്ടൂകളുടെ നിഴൽ കൊഞ്ഞനംകുത്തുമ്പോൾമഴയും,വെയിലും നനഞ്ഞ് കിടക്കുമ്പോൾ
അനുഭവങ്ങളില്ലാത്ത നിറപ്പകിട്ടുകൾ കൊഞ്ഞനം കുത്താൻ വരുന്നു.

തുറന്ന പള്ളക്കകത്തെ
ഇത്തിരി വെള്ളത്തിൽ ബാക്കിയായ
ഒരു പരൽമീൻ മാത്രം
അവരോടരുതെന്ന് പിടക്കുന്നു.

പിടച്ചുപിടച്ചൊടുങ്ങുക മാ‍ത്രം ചെയ്യുന്നു.

2010, ഏപ്രിൽ 11, ഞായറാഴ്‌ച

കവിതകൾ
മരം വെയിൽ കൊണ്ടുവരക്കുന്നുണ്ടതിൻ
കറുത്തനിഴലിനെ.

മേഘത്തെ വരക്കുന്നുവോളങ്ങൾ
പുഴയിലാകാശംവീണുകിടക്കുമ്പോൽ

മഴ, പാടിപ്പാടിമണ്ണിൽത്തൊടെ
മുളച്ചു പൊന്തുന്നുവേറെയും പാട്ടുകാർ

കാറ്റതാ മുളങ്കൂട്ടിലിരുന്നു
കവിത മൂളുന്നു.

അന്തിമാനം നിറയെചോപ്പടിച്ച്
ചിരിച്ചു മടങ്ങുന്നുകുഞ്ഞുസൂര്യൻ.

എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..?

2010, മാർച്ച് 10, ബുധനാഴ്‌ച

എന്റെ ..പഴയ സ്കൂളെ…

8 C യിലെ സുരേശാ,
ട്രിപ്പ്ജീപ്പിന്റെ പിന്നിൽ തൂങ്ങിനിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലെ.
അങ്ങാടീന്നെന്നെ കണ്ടിട്ട്
മിണ്ടാതെപോയതെന്തു നീ
9 D യിലെ ബുഷറെ,
പർദ്ദയിൽ നീ മുഖംകൂടി മൂടിയാൽ
എങ്ങിനെയറിയുമായിരുന്നു നിന്നെ ഞാൻ

കൈവേലിക്കള്ളുഷാപ്പിലിരുന്നു
പഴയ പദ്യം
പാടുന്നു മോഹനൻ
‘തിങ്കളൂം താരങ്ങളൂം
തൂവെള്ളിക്കതിർ ചിന്നും’
പണിയെന്ത്ന്നാ മോഹനാ..?
പാറപ്പണിതന്നെയച്ഛനെപ്പോൽ.

ചുവന്നപെയിന്റടിച ബസ്റ്റോപ്പിലിരുന്ന്
ല.സാ.ഗു ഉസാഗ എന്ന്
പിറുപിറുക്കുന്നു
കണക്കിലെന്നുമൊന്നാമനായ
പിരാന്തായിപ്പോയ അന്ത് റു.

8 ൽ രണ്ടുകൊല്ലം പൊട്ടിയ
കറുമ്പിജാനു റേഷൻ കാർഡുമായി
അരിയിന്നുതള്ളിപ്പോവുമെന്ന്
വെളുക്കെച്ചിരിച്ചോടിപ്പോവുന്നു

റോഡരികിൽ
സ്കൂൾ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാൻ
നിൽക്കുന്നു 10 D യിലെരാധിക.

ഒപ്പരം പഠിച്ഛവരെ കണ്ടു നിന്നിലെത്തെ,
എന്റെ പഴയ സ്കൂളെ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിത പോലെ നീ.
പല്ലിളിച്ചുകാട്ടികളിയാക്കുന്നുണ്ടിപ്പോൾ
റിവേഴ്സ്ഗിയറില്ലാത്തജീവിതം.


ഉറങ്ങും മുൻപായി
തുറന്നയിൻബോക്സിൽ
അമേരിക്കയിൽനിന്നുമാദിത്യൻ:
How is our friends?
How is our School?
How is your Vacation?
നിദ്രയിൽ,
കറുത്തുകഠിനമാം പാറയിൽ
മോഹനൻ നട്ടുച്ഛയുടെകവിതയെഴുതെ,
അന്ത് റു വന്നെന്റെ
കഴുത്തുഞെരിച്ചു ഞാൻ
ഞെട്ടിയുണരും മുൻപെ.
ഞാനെഴുതി മറുപടി.
All r Fine.
All r Perfect.