2009, ജൂലൈ 22, ബുധനാഴ്‌ച

വെള്ളാര ങ്കല്ലുകൾ



പേപ്പർ വെയ്റ്റിനു
പകരം
മേശയിൽ
വെള്ളാരം കല്ലെടുത്തു വച്ചത്‌ മകനായിരുന്നു...


അതവനോടു
ഒരുപാട്‌ കഥകൾ പറഞ്ഞെന്ന്,
പുഴകളൊഴുകുന്നത്‌,
വെള്ളാരം കല്ലുകളെ
തേച്ചു കുളിപ്പിക്കാനാണെന്ന്...
ഒ‍ാളങ്ങളുടെ ഉളികൊണ്ടു
തഴുകി തഴുകി
വെള്ളാരം കല്ലുകളെ ,
മിനുസമുള്ളതാക്കാനാണെന്ന്...


അവരുടെ ലോകത്ത്‌
ചെറുതുകളെല്ലാം
മുത്തശ്ശന്മാരും...
വലുതുകളെല്ലാം
കുഞ്ഞുങ്ങളുമാണെന്ന്...

അവരുടെ
വലിയ കുട്ടിത്തങ്ങളെ,
റബ്ബർ കൊണ്ടെന്നപോലെ,
പുഴ മായ്ച്ചു മായ്ച്ചു ചെറുതാക്കുമെന്ന്...


പിന്നെ ഒന്നൂടി
പറഞ്ഞത്രെ
എന്തായാലും
കല്ലിനെം കൊണ്ടുപോവാൻ
ഒരുനാൾ
പുഴ കര കേരിവരുമെന്ന്...



ഇന്നലെയായിരുന്നു...
പുഴെം മഴെം കൂടി വന്നു...
കല്ലിനെം കൊണ്ടുപോവാൻ
ഒറ്റ വരവും,ഒറ്റ പോക്കുമായിരുന്നു...
പോവുമ്പൊ,
ഒന്നിച്ചെന്റെ മൊനെം കൊണ്ടുപോയി
അവനും കാണുമല്ലോ
കഥ കേൾക്കാൻ കൊതി...
പൊഴക്കരേലെ പൊന്തക്കാട്ടിൽ,
ഇപ്പൊഴും എന്നെ നോക്കി കിടക്കുന്നുണ്ടു ,
മഴ നനഞ്ഞ്‌
അവന്റെ പാവക്കുട്ടി...


(ഈ മഴക്കാലം കൂട്ടികൊണ്ടുപൊയ കുരുന്നിന്റെ ഓർമ)

1 അഭിപ്രായം:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

ഉള്ളു പൊള്ളിക്കുന്നു.....