2010, മാർച്ച് 10, ബുധനാഴ്‌ച

എന്റെ ..പഴയ സ്കൂളെ…

8 C യിലെ സുരേശാ,
ട്രിപ്പ്ജീപ്പിന്റെ പിന്നിൽ തൂങ്ങിനിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലെ.
അങ്ങാടീന്നെന്നെ കണ്ടിട്ട്
മിണ്ടാതെപോയതെന്തു നീ
9 D യിലെ ബുഷറെ,
പർദ്ദയിൽ നീ മുഖംകൂടി മൂടിയാൽ
എങ്ങിനെയറിയുമായിരുന്നു നിന്നെ ഞാൻ

കൈവേലിക്കള്ളുഷാപ്പിലിരുന്നു
പഴയ പദ്യം
പാടുന്നു മോഹനൻ
‘തിങ്കളൂം താരങ്ങളൂം
തൂവെള്ളിക്കതിർ ചിന്നും’
പണിയെന്ത്ന്നാ മോഹനാ..?
പാറപ്പണിതന്നെയച്ഛനെപ്പോൽ.

ചുവന്നപെയിന്റടിച ബസ്റ്റോപ്പിലിരുന്ന്
ല.സാ.ഗു ഉസാഗ എന്ന്
പിറുപിറുക്കുന്നു
കണക്കിലെന്നുമൊന്നാമനായ
പിരാന്തായിപ്പോയ അന്ത് റു.

8 ൽ രണ്ടുകൊല്ലം പൊട്ടിയ
കറുമ്പിജാനു റേഷൻ കാർഡുമായി
അരിയിന്നുതള്ളിപ്പോവുമെന്ന്
വെളുക്കെച്ചിരിച്ചോടിപ്പോവുന്നു

റോഡരികിൽ
സ്കൂൾ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാൻ
നിൽക്കുന്നു 10 D യിലെരാധിക.

ഒപ്പരം പഠിച്ഛവരെ കണ്ടു നിന്നിലെത്തെ,
എന്റെ പഴയ സ്കൂളെ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിത പോലെ നീ.
പല്ലിളിച്ചുകാട്ടികളിയാക്കുന്നുണ്ടിപ്പോൾ
റിവേഴ്സ്ഗിയറില്ലാത്തജീവിതം.


ഉറങ്ങും മുൻപായി
തുറന്നയിൻബോക്സിൽ
അമേരിക്കയിൽനിന്നുമാദിത്യൻ:
How is our friends?
How is our School?
How is your Vacation?
നിദ്രയിൽ,
കറുത്തുകഠിനമാം പാറയിൽ
മോഹനൻ നട്ടുച്ഛയുടെകവിതയെഴുതെ,
അന്ത് റു വന്നെന്റെ
കഴുത്തുഞെരിച്ചു ഞാൻ
ഞെട്ടിയുണരും മുൻപെ.
ഞാനെഴുതി മറുപടി.
All r Fine.
All r Perfect.

12 അഭിപ്രായങ്ങൾ:

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഇഷ്ടമായി ഈ നാടന്ഭാഷാ കവിത! കായക്കൊടിയിലെ ശ്രദ്ധേയാ എന്ന് വിളിച്ചില്ലല്ലോ!!

മുഫാദ്‌/\mufad പറഞ്ഞു...

ഇഷ്ടത്തോടെ ഒരു കായക്കൊടികാരന്‍ കൂടെ കൂടട്ടെ.
ഇതു സ്കൂളാണ്..?വട്ടോളി ആണോ..?

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കവിത മികച്ചതൊ മോശമൊ എന്നല്ല..

നൊസ്റ്റാള്‍ജിയ എന്നൊക്കെ പല കവിതകള്‍ക്കും കമന്റിട്ടിട്ടുണ്ട്......എങ്കിലും ഇന്നു വരെ വായിച്ച എല്ലാ കവിതകളെക്കാളും എനിക്ക്
ഏറ്റവും ഉള്ള് തൊടുന്നതായി അനുഭവപ്പെട്ട വരികള്‍...

നന്ദി...

ഒരുപാട് നന്ദി..

(കമന്റിന്റെ വേര്‍ഡ് വെരിഫിക്കാഷന്‍ അനാവശ്യമല്ലെ.? )

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഭാഷയുടെയും അവതരണത്തിന്റെയും
വ്യത്യസ്ഥതയും ഗൃഹാതുരമായ ഓര്‍മ്മപ്പെടുത്തലും
കൂടിയായപ്പോള്‍ ഹൃദ്യം ഈ കവിത!

Vinodkumar Thallasseri പറഞ്ഞു...

'എന്റെ പഴയ സ്കൂളെ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിത പോലെ നീ.'

അതെ അത്‌ തന്നെ. മാറ്റിയെഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

നിലാവര്‍ നിസ പറഞ്ഞു...

ഒടുവിലത്തെ വരികളാണ് ഉഷാരായത്...
:)

അജ്ഞാതന്‍ പറഞ്ഞു...

സിനൂ,എവിടെയോ ഒക്കെ നോവിക്കുന്നു ഇത്.ഒരു മോഹനനോ അന്ത്രുവോ ആയാല്‍ മതിയായിരുന്നു.
റിവേഴ്സ്ഗിയറില്ലല്ലോ?ഇവരെല്ലാം എന്റെ കൂടെയും പഠിച്ചിട്ടുണ്ട് .
ഷൈജു

അജ്ഞാതന്‍ പറഞ്ഞു...

സിനൂ,എവിടെയോ ഒക്കെ നോവിക്കുന്നു ഇത്.ഒരു മോഹനനോ അന്ത്രുവോ ആയാല്‍ മതിയായിരുന്നു.
റിവേഴ്സ്ഗിയറില്ലല്ലോ?ഇവരെല്ലാം എന്റെ കൂടെയും പഠിച്ചിട്ടുണ്ട് .
ഷൈജു

Deepa Bijo Alexander പറഞ്ഞു...

കവിത ഇഷ്ടമായി. അവസാനത്തെ വരികൾ കവിതയെ വേറിട്ടതാക്കി.

shiju പറഞ്ഞു...

നല്ല കവിത

Unknown പറഞ്ഞു...

Nostalgibra

ദിവ്യ.സി.എസ് പറഞ്ഞു...

നിദ്രയിൽ,
കറുത്തുകഠിനമാം പാറയിൽ
മോഹനൻ നട്ടുച്ഛയുടെകവിതയെഴുതെ,
അന്ത് റു വന്നെന്റെ
കഴുത്തുഞെരിച്ചു ഞാൻ
ഞെട്ടിയുണരും മുൻപെ.
ഞാനെഴുതി മറുപടി.
All r Fine.
All r Perfect.