2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഉറുമ്പുകള്‍ പറയുന്നത്.....




മുകളില്‍ നിന്നും ചാടിചത്ത ,
നടുറോഡില്‍ കഴുത്തറുത്തു കൊന്ന ,
വിഷം കഴിച്ചു കെട്ടിപ്പിടിച്ചു ചത്ത ,
ആസിഡൊഴിച്ചു കൊന്ന,
തൂങ്ങിച്ചത്ത,
കൊന്ന,
ചത്ത,
കൂട്ടിയും
കിഴിച്ചും
ചത്ത,
കൊന്ന,
പ്രണയങ്ങളേ..,
ഇന്നലെ ഞാന്‍
ഉറുമ്പുകളുടെ പ്രണയം കണ്ടു..
നിലാവില്‍
ഒരു മരച്ചോട്ടില്‍
ഒരിലക്കീഴില്‍
മഴ നനയാതെ
രണ്ടുറുമ്പുകള്‍
പ്രണയപൂര്‍വ്വം
ചുംബിക്കുന്നു...

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

പീഡിപ്പിക്കപ്പെട്ടവളുടെ അമ്മ




കടലിലേക്കുള്ള
യാത്രയില്‍
കൊല ചെയ്യപ്പെട്ട
പുഴയുടെ ശവമാണ്
കൂട്ടിയിട്ടിരിക്കുന്ന
മണലിനടിയില്‍.

പീഡിപ്പിക്കപ്പെട്ടു
ചത്ത
പെണ്‍കുട്ടിയുടെ അമ്മ
ഇന്നും വരാറുണ്ട്
അഴുക്കു പുരളാ‍ത്ത
അവളുടെ
യൂണിഫോം അടിച്ചലക്കാന്‍.


മണല് നിറയെ
വെയില് കാവല്‍ നില്‍ക്കുന്ന നട്ടുച്ച പറയും:
“തള്ളേ
തുള്ളി വെള്ളമില്ല“


എന്നിട്ടുമവരാ ദു:ഖത്തെ
അലക്കിയുണക്കും


പീഡിപ്പിക്കവളുടെ അമ്മ
മരുഭൂമിയിലെ
കള്ളിമുള്‍ചെടി പോലുമല്ല




(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഉള്ളില്‍...


ചിരിച്ചു തലയാട്ടുമ്പൊഴും
ഇലകള്‍ക്കറിയില്ലല്ലൊ..
വേരുകളുടെ ജാരസംഗമങ്ങള്‍..?

നമ്മെ തഴുകുമ്പൊഴും
കാറ്റിനറിയില്ലല്ലോ...
അകലെ കാറ്റ് തന്നെ കട പുഴക്കുന്ന ജീവിതങ്ങള്‍...


പായ്യാരം പറഞ്ഞൊഴുകുമ്പൊഴും
പുഴക്കറിയില്ലല്ലോ...
പളളക്കകത്തുനിന്നും
സ്വപ്നപ്പരലുകളെയും
കൊത്തിക്കൊണ്ടുപോകുന്ന
ചൂണ്ടകളെ...


എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍...