2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

വാക്കുകളുടെ ജയിൽ




കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...



ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും...


(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

റിയാലിറ്റി







ഇന്നു കുളിച്ചിട്ടില്ല
കഴിച്ചിട്ടില്ല...
പഠിപ്പിക്കാനിന്ന്
പള്ളിക്കൂടത്തിലും പോയില്ല...
കരഞ്ഞ്
കരഞ്ഞ്
ഒരേ കിടപ്പു
തന്നെയാണവൾ...


(പലഹാരം
പൊതിഞ്ഞുകൊണ്ടുവന്ന
പത്രത്താളിൽ
ജിലേബിയെണ്ണ പുരണ്ടു
കിടപ്പുണ്ടായിരുന്നു
എങ്ങോ പട്ടിണി
കിടന്നു ചത്തൊരു
ചെക്കൻ)


സാരമില്ലെന്നെത്ര
സ്വാന്ത്വനിപ്പിച്ചിട്ടുമവളീ
കരച്ചിൽ മാത്രം...
ഒരൊറ്റ s m s
മതിയായിരുന്നു,
ഇനി അടുത്ത
സ്റ്റാർ സിംഗർ വരെ കാക്കണം...
ആ സുന്ദരികൊച്ചിനെന്നവൾ...



ഓ ...
ഇന്നായിരുന്നോ,
എലിമിനേഷൻ...
ഞാനാകെ
കൺഫ്യൂഷനിലായിപ്പോയി...

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഫൗൾ








ഓൺ.. യുവർ.. മാർക്ക്...
സെറ്റ്...
വെടി ശബ്ദം കേൾക്കും
മുൻപ്...
മഴ...ഒാടി...

പെട്ടെന്നൊരു
പെയ്ത്തു
പെയ്ത്
മണ്ണിനെ
തൊട്ടു തൊട്ടില്ല...
എന്ന മട്ടിൽ,
നമ്മൾ
നനഞ്ഞു നനഞ്ഞില്ല...
എന്ന മട്ടിൽ,
മഴ
പെയ്തൂ പെയ്തില്ല…
എന്ന മട്ടിൽ,

മരങ്ങളെല്ലാം
അന്നേരം മാനം നോക്കി പറഞ്ഞില്ലേ,
ഇത് ഫൗളാണെന്ന്...
അതു കേട്ടാണോ
മഴ തിരിച്ചു
മേഘങ്ങളിലേയ്ക്കു
ഒരൊറ്റ ഓട്ടം വച്ച് കൊടുത്തത്...